Friday, 9 May 2014

മതപരിഷ്‌കരണ വാദികള്‍ക്കുള്ള പ്രചോദനം അപലപനീയം: സമസ്ത

 കോഴിക്കോട്: ഐക്യമുണ്ടാക്കാനെന്ന പേരില്‍ രംഗത്ത് വന്ന് അനൈക്യവും ഛിദ്രതയും സൃഷ്ടിക്കുകയും യഥാര്‍ഥ മുസ്‌ലിം വിശ്വാസ ആചാരങ്ങള്‍ അനുഷ്ടിക്കുന്നവരെ ബഹുദൈവ ആരാധകരെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന മതപരിഷ്‌കരണക്കാരെ സഹായിക്കുന്നത് അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ മുശാവറ പ്രസ്താവനയില്‍ പറഞ്ഞു. അത്തരക്കാരെ ഒരു നിലക്കും സഹായിക്കില്ല. പ്രവാചക കാലം മുതല്‍ മുസ്‌ലിംകള്‍ നിരാക്ഷേപം പ്രവര്‍ത്തിച്ചുവന്ന നിര്‍ബന്ധവും ഐഛികവുമായ കാര്യങ്ങളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാറ്റത്തിരുത്തലുകള്‍ വരുത്തിയവര്‍ സമൂഹത്തിന് ചെയ്തത് മഹത്തരമായ സേവനമാണെന്ന പ്രസ്താവനകള്‍ കേരള മുസ്‌ലിംകള്‍ പുച്ഛത്തോടെയാണ് കേള്‍ക്കുന്നത്. എന്തിന്റെ പേരിലായാലും മത നിയമങ്ങളെ ബലികഴിക്കുകയും മത ചിഹ്നങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന മത പരിഷ്‌കരണക്കാര്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുശാവറ ആഹ്വാനം ചെയ്തു. മനുഷ്യ ജീവനും സമ്പത്തിനും ഭീഷണിയായ മദ്യം സമ്പൂര്‍ണമായും നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണം. പഴുതുകള്‍ നിറഞ്ഞ സര്‍ക്കാര്‍ നിലപാടുകള്‍ മദ്യഉപഭോഗം കുറക്കുന്നതിനു പകരം വര്‍ധിക്കാനേ സഹായിക്കുന്നുള്ളു. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ തന്നെ കൊണ്ടുവരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും കാര്യമായി നടപ്പിലാക്കുന്നില്ല. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന റവന്യൂ വേണ്ടെന്നുവെക്കുക വഴി സമ്പൂര്‍ണ മദ്യനിരോധനം സാധ്യമാക്കണമെന്നും മുശാവറ ആവശ്യപ്പെട്ടു. സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പി വി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം അബ്ദുര്‍റഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ബാസ് മുസ്‌ലിയാര്‍ കാസര്‍കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment